കയ്യിൽ തോക്കുമായി മമ്മൂട്ടി ‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. കയ്യിൽ തോക്കുമായി കാറിൽ നിന്നും ഇറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി പോസ്റ്ററിൽ ഉള്ളത്. നവാഗതയായ റത്തീന ശർഷാദാണ് ചിത്രത്തിന്റെ സംവിധാനം.
ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ച് മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് റത്തീന. പ്രമുഖ ക്യാമറാമാൻ തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകൻ. ദുൽഖര് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.
സഹപ്രവര്ത്തകരും ആരാധകരും ആരാധനയോടെ നോക്കുന്ന മെഗാസ്റ്റാര് ഈ കൊവിഡ് കാലത്ത് ആരാധകര്ക്കായി ഇടയ്ക്കിടെ തന്റെ വിവിധ ലുക്കുകളിലുള്ള ചിത്രങ്ങള് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അവയില് എല്ലാം മിനിട്ടുകള്ക്കകം സോഷ്യല്മീഡിയയില് തരംഗമായി തീരുകയും ചെയ്യും. അക്കൂട്ടത്തിൽ താരം പ്രിന്റഡ് ഷർട്ട് ധരിച്ചുള്ള ഒരു ഫോട്ടോ വൈറലായിരുന്നു. പുഴു എന്ന മെഗാസ്റ്റാറിന്റെ സിനിമയുടെ പൂജ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള ഫോട്ടോകളായിരുന്നു അത്.വയസ് കൂടുംതോറും ഭംഗിയും ഏറിവരുന്ന മമ്മൂട്ടിയുടെ പുഴുവിലെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണിപ്പോൾ. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഗെറ്റപ്പിൽ തോക്കുമേന്തി കാറിനുള്ളിലിരുന്ന് എന്തോ വീക്ഷിച്ചുകൊണ്ടിരിക്കുന്ന മമ്മൂക്കയാണ് ഫസ്റ്റ്ലുക്കിലുള്ളത്. രാക്ഷസരാജാവിലേയും, രൗദ്രത്തിലേയുമെല്ലാം മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പുഴുവിലെ നടന്റെ ഫസ്റ്റ്ലുക്ക്. ചെക്ക് ഷര്ട്ടാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. മമ്മൂട്ടി-പാര്വതി തിരുവോത്ത് ജോഡിയാണ് ‘പുഴു’വിന്റെ പ്രധാന ആകർഷണം.
