‘ഹോം’ റീമേയ്ക്കിനൊരുങ്ങുന്നു; ഒലിവർ ട്വിസ്റ്റും കുടുംബവും ബോളിവുഡിലേക്ക്….
ഓടിടി റിലീസായെത്തി സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായി മാറിയ ചിത്രമാണ് ഹോം. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഹിന്ദിയിൽ റീമേയ്ക്കിനൊരുങ്ങുന്നു.
പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും നടൻ വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക. അങ്കമാലി ഡയറീസിന്റെ റീമേയ്ക്കിന് ശേഷം ഇതേ ടീം വീണ്ടും ഹോമിനായി ഒന്നിക്കുകയാണ്.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം.വിദ്യാബാലൻ നായികയായ ഷെർണി, ശകുന്തള ദേവി, എയർലിഫ്റ്റ്, ടോയ്ലറ്റ് ഏക് പ്രേം കഥ, ഷെഫ്, നൂർ, ബ്രീത്, ബ്രീത് ഇൻടു ദി ഷാഡോസ് തുടങ്ങിയ ചിത്രങ്ങളും സീരീസുകളും നിർമിച്ചത് അബൻടൻഷ്യ എന്റർടെയ്ൻമെന്റ് ആണ്. വിജയ് ബാബു നിർമിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് സ്വന്തമാക്കിയതും ഇതേ കമ്പനിയാണ്.
ആഗസ്റ്റ് 19ന് ആമസോൺ പ്രൈമിലൂടെയാണ് ഹോം പ്രദർശനത്തിനെത്തിയത്. റോജിൻ തോമസ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും.രാഹുൽ സുബ്രഹ്മണ്യമാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത,അജു വർഗീസ്, പ്രിയങ്ക നായർ, മിനോൺ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
