ദുല്ഖര് സല്മാന് നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില് പുറത്ത്….
ദുല്ഖര് സല്മാന് നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില് പുറത്ത്. ആര്. ബാല്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില് ‘ചുപ്’ എന്നാണ്. റിവഞ്ച് ഓഫ് ദ് ആര്ട്ടിസ്റ്റ് (കലാകാരന്റെ പ്രതികരാം) എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്.
പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുങ്ങുന്നത്.എന്നാല് ഇത് ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകന് വ്യക്തമാക്കി. ഗുരു ദത്തിന്റെ ചരമ വാര്ഷിക ദിനത്തിലാണ് ടൈറ്റില് പുറത്തുവിട്ടിരിക്കുന്നത്. സൈക്കളോജിക്കല് ത്രില്ലര് ആയി ഒരുക്കുന്ന ചിത്രത്തില് സണ്ണി ഡിയോള്, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവര് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്ത്തിയാക്കിയിട്ടുണ്ട്. ബാല്കിക്കൊപ്പം രാജ സെന്, റിഷി വിര്മാനി എന്നിവര് ചേര്ന്നാണ് ചിത്രത്തിന്റെ രചന നിര്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിശാല് സിന്ഹ. സംഗീതം അമിത് ത്രിവേദി. ചീനി കം, പാ, ഷമിതാഭ്, കി ആന്ഡ് ക, പാഡ് മാന് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബാല്കി.
കാര്വാന്, സോയ ഫാക്ടര് എന്നീ സിനിമകള്ക്ക് ശേഷം ദുല്ഖര് അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളാണ് ദുല്ഖറിന്റേതായി റിലീസിനൊരുങ്ങുന്നത്. തമിഴ് ചിത്രം ഹേയ് സിനാമിക, യുദ്ധം തൊ രസിന പ്രേമ കഥ എന്ന തെലുങ്ക് ചിത്രം എന്നിവയാണ് നടന്റെ പുതിയ പ്രോജക്ടുകൾ….
