22 വര്ഷത്തിനു ശേഷം അവര് വീണ്ടും കണ്ടുമുട്ടി!ഹംഗറിയിൽ വച്ച് മമ്മൂട്ടിയെ കണ്ട പൂജ ബത്ര… മമ്മൂട്ടി ഒട്ടും മാറിയിട്ടില്ലെന്ന്
മുപ്പത്തഞ്ചോളം ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ മനസ്സില് നിന്നു മായാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് പൂജ ബത്ര . ഹിന്ദി ഒഴിവാക്കിയാല് ഏറ്റവുമധികം ചിത്രങ്ങള് അവര് അഭിനയിച്ചിട്ടുള്ളത് മലയാളത്തിലുമാണ്, അഞ്ച് ചിത്രങ്ങള്. അതില്ത്തന്നെ രണ്ട് ചിത്രങ്ങള് പ്രിയദര്ശന്റെ സംവിധാനത്തില് എത്തിയവയുമാണ്. ചന്ദ്രലേഖയും മേഘവും. 1999 ഏപ്രിലിലാണ് മമ്മൂട്ടി നായകനായ മേഘം തിയറ്ററുകളിലെത്തിയത്. പ്രിയ ഗില് നായികയായ ചിത്രത്തില് മമ്മൂട്ടിയുടെ മുന് ഭാര്യയുടെ റോളിലായിരുന്നു പൂജ എത്തിയത്. ഇപ്പോഴിതാ നീണ്ട 22 വര്ഷങ്ങള്ക്കിപ്പുറം മമ്മൂട്ടിയെ വീണ്ടും നേരില് കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അവര്.
സുരേന്ദര് റെഡ്ഡി സംവിധാനം ചെയ്യുന്ന ‘ഏജന്റ്’ എന്ന തെലുങ്ക് സിനിമയില് അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്. ഹംഗറിയിലാണ് ചിത്രീകരണം. അവിടെനിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ കഴിഞ്ഞ ദിവസങ്ങളില് പുറത്തെത്തിയിരുന്നു. ഹംഗറിയില് വച്ചാണ് തന്റെ പഴയ സഹതാരത്തെ അപ്രതീക്ഷിതമായി പൂജ ബത്ര കണ്ടുമുട്ടിയത്. പ്രാതല് കഴിക്കാനെത്തിയ ഹോട്ടലില് വച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള് അറിയിച്ചു. “എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരങ്ങളില് ഒരാളായ മമ്മൂട്ടിക്കൊപ്പം. കണ്ടതില് ഒരുപാട് സന്തോഷം. നിങ്ങള് തരിമ്പും മാറിയിട്ടില്ലല്ലോ”, മേഘം എന്ന ഹാഷ് ടാഗിനും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്ക്കുമൊപ്പം പൂജ ബത്ര ട്വീറ്റ് ചെയ്തു.
