നടൻ നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് അഭിനയത്തിന്റെ അതുല്യ പ്രതിഭ

തിരുവനന്തപുരം: നടൻ നെടുമുടി വേണു വിട വാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു.
മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്നെടുമുടി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായി. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.
കലാകൗമുദിയിൽ പത്ര പ്രവർത്തകനായും പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ച വേണുഗോപാൽ പിന്നീട് നാടകരംഗത്ത് സജീവമായി. ഇക്കാലയളവിലാണ് വേണുഗോപാൽ എന്ന പേരിന് പകരം നെടുമുടി വേണു എന്ന സ്ഥിരം വിലാസത്തിലേക്ക് ഈ നടൻ മാറുന്നത്. നാടകത്തിൽ സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. എൺപതുകളിൽ സംവിധായകരായ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി നെടുമുടി അടുത്ത് പ്രവർത്തിച്ചു. ആദ്യകാലത്ത് നായക നടനായി തിളങ്ങിയ നെടുമുടി പിന്നീട് സ്വഭാവ നടൻ എന്ന നിലയിൽ തൻ്റെ ഇടം രേഖപ്പെടുത്തി. സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയിൽ അദ്ദേഹം സജീമായിരുന്നു എന്നതും മറ്റൊരു സവിശേഷതയാണ്.