സാനിയ ഇയ്യപ്പന്‍റെ തമിഴ് ചിത്രം; ‘ഇരുഗപട്രു’ ഒടിടിയില്‍, സ്ട്രീമിംഗ് ആരംഭിച്ചു

Published by Brand Media on

YouTube player

യുവരാജ് ദയാളന്‍റെ സംവിധാനത്തില്‍ എത്തിയ തമിഴ് റൊമാന്‍റിക് ഡ്രാമ ചിത്രം ഇരുഗപട്രു ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഒക്ടോബര്‍ 6 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വിക്രം പ്രഭു, ശ്രദ്ധ ശഅരീനാഥ്, വിദാര്‍ഥ്, ശ്രീ, അപര്‍ണതി, മനോബാല എന്നിവര്‍ക്കൊപ്പം സാനിയ ഇയ്യപ്പനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. തിയറ്ററുകളില്‍ നിരൂപകശ്രദ്ധ നേടിയ ചിത്രമാണിത്. അതിനാല്‍ത്തന്നെ ഒടിടി റിലീസ് എപ്പോഴെന്ന് സിനിമാപ്രേമികള്‍ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നും.

പ്രവര്‍ത്തനത്തില്‍ തന്‍റേതായ രീതികളുള്ള ഒരു മാര്യേജ് കൌണ്‍സിലര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പ്രശ്നങ്ങളില്ലാതെ പൊയ്ക്കൊണ്ടിരുന്ന ഇവരുടെ തന്നെ ജീവിതം തന്നെ സങ്കീര്‍ണ്ണമാവുകയാണ്. പ്രശ്നങ്ങള്‍ അവര്‍ എങ്ങനെ പരിഹരിക്കുന്നുവെന്നും സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചെത്തുന്നുവെന്നതുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. മറ്റ് രണ്ട് ദമ്പതികള്‍ക്കിടയിലെ ഉയര്‍ച്ചതാഴ്ചകളും കഥപറച്ചിലിനിടെ പ്രാധാന്യത്തോടെ വരുന്നുണ്ട്.

മഹാരാജ് ദയാളനാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു, പി ഗോപിനാഥ്, തങ്ക പ്രബഹരന്‍ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ഗോകുല്‍ ബിനോയ്, എഡിറ്റിംഗ് ജെ വി മണികണ്ഠ ബാലാജി, സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ചിത്രം തിയറ്ററുകളില്‍ എത്തിയ സമയത്ത് വിജയ് ആന്‍റണിയുടെ രത്തവും തൃഷയുടെ ദി റോഡും ഒപ്പമുണ്ടായിരുന്നു. റിലീസിന് മുന്‍പ് വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നില്ല ഇതെങ്കിലും റിലീസിന് ശേഷം അത് മാറി. മൌത്ത് പബ്ലിസിറ്റി നന്നായി നേടിയെടുത്ത ചിത്രം സ്റ്റെഡി കളക്ഷനും നേടി. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും കാണാനാവും.

Share this
Categories: News